Friday, November 28, 2008

നന്ദി... Thanks

പൊതുവെ ഇന്ത്യയിലെ ഓരോ ബ്രീഡുകളും നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായവ ആണ്..മിക്കതും വേട്ടയ്ക്കുപയോഗിക്കാന്‍ വളരെ നല്ലതും അതോടൊപ്പം നല്ല പരിശീലനം കൊടുത്താല്‍ വീട്ടില്‍ വളര്‍ത്താന്‍ ഉപയോഗിക്കവുന്നതുമാതാണ്.

പൊതുവെ ഇന്ത്യന്‍ ബ്രീഡുകളെ പറ്റിയുള്ള ഒരു പ്രധാന ആരോപണം അനുസരണ ഇല്ലായ്മ അഴിച്ചുവിട്ടാല്‍ തിരികെ വരാനുള്ള മടി.. ഇതിന് പ്രധാന കാരണം മിക്കതും വേട്ടപ്പട്ടികള്‍ ആണെന്നുള്ളത്‌ തന്നെയാണ്..അതിന്‍റെ ഹൗണ്ട് സ്വഭാവം ആണെന്ന് ചുരുക്കം..എങ്കിലും ഇന്ത്യന്‍ കാലാവസ്ഥയ്ക്ക് ഏറ്റവും മികച്ചത് നമ്മുടെ ഇനം തന്നെ..

നന്ദി... ഇവിടെ നിങ്ങള്‍ കണ്ടുപിടിക്കുന്ന തെറ്റുകള്‍ ദയവുചെയ്ത് കമന്‍റില്‍ അറിയിക്കുക..

ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഫോട്ടോകള്‍ ഇന്‍റര്‍നെറ്റ് സെര്‍ച്ചിലൂടെ കിട്ടിയവയാണ്..അതുപോലെ തന്നെ വികിപീഡിയ ഗൂഗിള്‍ സെര്‍ച്ചും വിവരങ്ങള്‍ ശേഖരിക്കാന്‍ ഉപയോഗിച്ചു..

Image courtesy : Google Image Search & Wikipedia
Information Courtesy : Google Search & Wikipedia

32.വാഘാരി ഹൗണ്ട്(Vaghari hound)

ഗുജറാത്തിലെ സൌരാഷ്ട്രയില്‍ കാണുന്ന ഇരിനം ആണിവ.

ധൈര്യത്തിന്‍റെ കാര്യത്തില്‍ അമേരിക്കന്‍ പിറ്റ്ബുള്‍ ടെറിയര്‍ മാത്രമെ ഇവന്‍റെ മുമ്പില്‍ വരൂ,

ഈ കുറിയന്‍ നായയ്ക്ക്‌ ഇരുപത്തിഒന്നു ഇഞ്ച് വരെ മാത്രമെ ഉയരം വരൂ.. ഭാരമാകട്ടെ കേവലം പതിനേഴ്‌ കിലോയും..

മുഗള്‍ വംശം വരുന്നതിനു മുന്‍പേ ഉണ്ടായിരുന്ന ഈ ശൂരന്‍ നായ ചെന്നായ്ക്കളെയും പുള്ളിപുലിയെയും കൊന്ന ചരിത്രമുണ്ട്..

പതിനാലു വയസ്സ് വരെയാണ് ഇവയുടെ ആയുസ്സ്..

31.വഞ്ചാരി ഹൗണ്ട്(Vanjari hound)

രാജസ്ഥാന്‍ ആണ് ഇവയുടെ സ്വദേശം.

നന്നായി കുരയ്ക്കുന്ന ഇനമാണ്.

ചില നായകള്‍ക്ക് മുപ്പതു ഇഞ്ച് ഉയരംവരെ വരാറുണ്ട്‌..ഇരുപത്തിഅഞ്ച് മുതല്‍ മുപ്പതുകിലോ വരെയാണ് ഇവയുടെ ഭാരം..

പത്തു മുതല്‍ പതിനാലുവയസ്സ് വരെ ഇവ ജീവിക്കാറുണ്ട്..

അതീവചൂടില്‍ പോലും താമസിക്കാന്‍ കഴിവുള്ള ഈ ഇനം ദിവസങ്ങളോളം അലഞ്ഞു തിരിഞ്ഞു നടക്കുന്നതും കണ്ടിട്ടുണ്ട്..

30.ത്രിപുരി (tripuri)

ചെറിയഇനം നായ ആയ ഇവയെക്കുറിച്ച് കൂടുതല്‍വിവരം ലഭ്യമല്ല..

തിപുരക്കാരനായ ഇവയെ വേട്ടയ്ക്ക് ഉപയോഗിച്ചിരുന്നു.

ഹൗണ്ട് ഇനത്തില്‍ പെട്ടതാണെന്നും അതല്ല ടെറിയര്‍ ഇനത്തില്‍ പെട്ടതാണെന്നും തര്‍ക്കമുണ്ട്..

പന്ത്രണ്ടു മുതല്‍ പതിനാലു വയസ്സ് വരെയായിരുന്നു ഇവയുടെ ആയുസ്സ്..

29.സോന്‍കുത്ത(Sonkutta)

മഹാരാഷ്ട്രക്കാരനാണ് ഈയിനം.

കാവലിനു പറ്റിയ ഇനമായ ഇവയെ രക്ഷയ്ക്കായും വളര്‍ത്താം എങ്കിലും അലഞ്ഞു തിരിയുന്ന സ്വഭാവം ഉള്ളതിനാല്‍ വിശ്വസിക്കാനാവില്ല.

ഇരുപത്തി രണ്ടു ഇഞ്ച് ഉയരം വരുന്ന ഇവയ്ക്കു ഇരുപതു കിലോവരെയേ ഭാരം ഉണ്ടാവൂ..

അരമീറ്റര്‍ വരെ നീളം വരുന്ന വാല്‍ ഉള്ള ഇവയ്ക്കു പന്ത്രണ്ടു വയസ്സ് വരെയോ അതില്‍ കൂടുതലോ ആയുസ്സുണ്ടാവാം.

28.ചെങ്കോട്ടൈ ഡോഗ്(Senkottai Dog)

രാജപാളയം നായയോട് സാമ്യമുള്ള ഇവ അതില്പ്പെട്ടതാണെന്ന് കരുതുന്നു..

എന്നാല്‍ രാജപാളയത്തെക്കാള്‍ മെലിഞ്ഞ ഇനമാണിവ.

കാവലിനായി മികച്ച ഇനം ആണെന്ന് കരുതുന്നു..

എന്നാല്‍ ഇവയുടെ യഥാര്‍ത്ഥജനുസ്സില്‍പെട്ടവ ഏതാണ്ട് അന്യംനിന്നു പോയിരിക്കുന്നു..

27.സിക്കിമീസ് ടെറിയര്‍(Sikkimese terrier)

ചെറിയ ഇനം ടെറിയര്‍ നായ .

പതിനാലു വയസ്സ് വരെ ജീവിക്കും എന്നാണ് അറിവ്..

താരതമ്യേന അപൂര്‍വ്വം ആയ ഇനം ആണ്..

സിക്കിം സ്വദേശി ആണിവ..

ഉയരം ഉള്ള പ്രദേശങ്ങളിലും തണുപ്പുള്ള പ്രദേശങ്ങളിലും താമസിക്കാന്‍ കഴിവുള്ള ഇവയെ വേട്ടയ്ക്കായി ഉപയോഗിക്കാറുണ്ട്..

26.സന്താള്‍(Santhal)

ഇപ്പോഴത്തെ ഝാര്‍ക്കണ്ടിലും പശ്ചിമ ബംഗാളിന്‍റെ ചില ഭാഗങ്ങളിലും മാത്രമെ ഈയിനം കാണാറുള്ളു.

ടെറിയര്‍ ഇനത്തില്‍ പെട്ട ഈ ചെറിയ ഇനം ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ അത്യാവശ്യം ജനപ്രിയമാണ്.
വേട്ടയാടാന്‍ സഹായിക്കുകയാണ് പ്രാധാന ഉപയോഗം..

പതിനാല് വയസ്സ് വരെയാണ് ഇവയുടെ ആയുസ്സ്.

25.രാംപൂര്‍ ഗ്രേ ഹൗണ്ട്(Rampur Grey hound)

ഉത്തര്‍പ്രദേശ്കാരന്‍ ആണിവ..പണ്ടു കാലത്തു കുറുക്കന്മാരുടെ ശല്യം നിയന്ത്രിക്കുക എന്നതായിരുന്നു ഇവയുടെ പ്രധാന ജോലി.

പക്ഷെ കുറുക്കന്മാരെ മാത്രമല്ല എന്തിനേം നേരിടാനും ആക്രമിക്കാനും കഴിവും ധൈര്യവും ഉള്ള ഇനം ആണിത്..

മുപ്പതു ഇഞ്ച് ഉയരം വയ്ക്കുന്ന ഇവയുടെ നീളം മുപ്പത്താറുഇഞ്ച് വരെയും ഇവയുടെ ഭാരം മുപ്പതു കിലോവരെയും സാധാരണ കാണാറുണ്ട്..

വളരെ വേഗത്തില്‍ ഓടാന്‍ കഴിവുള്ള ഈ ഇനം നല്ല വേട്ടക്കാരന്‍ ആണെങ്കില്‍ കൂടി വീട്ടില്‍ വളര്‍ത്താന്‍ പറ്റിയ ഇനം ആണ്.പക്ഷെ ഒരാളെ മാത്രം അനുസരിക്കൂ എന്ന പിടിവാശി ഉള്ള ഇനം ആണ്..

24.രാജപാളയം(Rajapalayam)

തമിഴ് നാട്ടിലെ രാജപാളയം ആണിവന്‍റെ സ്വദേശം.
ചെറുതായി ചുരുണ്ട വാലുള്ള ഇവ വളരെ ശക്തിയേറിയ ഇനം ആണ്..ഹൗണ്ട് ഗ്രൂപ്പില്‍പെടുന്ന നായ ആയതിനാല്‍ വളരെ വ്യായാമം വേണ്ട ഇനം ആണ്.വളരെ നല്ല തിളക്കമേറിയ രോമമുള്ള ഇവ പന്നിയേം മറ്റും വേട്ടയാടാന്‍ നല്ലഇനം ആണ്.

ഇവയ്ക്കു മുപ്പതു ഇഞ്ച് വരെ ഉയരം വയ്ക്കാറുണ്ട്..

24.നാഗ ചോ(Naga chow)

ഇവ വിദേശത്ത് നിന്നു ഇറക്കുമതി ചെയ്തു ഇന്ത്യന്‍ കലാവസ്ഥയിലേക്ക് മാറ്റിയെടുത്ത ഇനം ആണെന്നും ആരോപണം ഉണ്ട്.

രോമത്തിനു നീളം ഉള്ള ഇവ ഷോയ്ക്കും മറ്റും ഉപയോഗിക്കാന്‍ കഴിയുന്ന ഇനം ആണ്..ഇവ നല്ല അനുസരണയും ആയുസ്സും ബുദ്ധിയും ഉള്ള ഇനം ആണ്..

പതിനാറു വയസ്സ് വരെ ആയുസ്സ് ഇവയ്ക്കു ഉണ്ടത്രേ.

23.മഹാരറ്റ ഗ്രേഹൗണ്ട്(Maharatta Grey hound)

ഇവയെക്കുറിച്ചും വിദേശത്ത് നിന്നു ഇറക്കുമതി ചെയ്തു ഇന്ത്യന്‍ കാലാവസ്ഥയ്ക്ക് അനുസരിച്ച് വളര്‍ത്തിയത്‌ എന്ന ആരോപണം ഉണ്ട്.

അധികം ഭാരംവയ്ക്കാത്തതും നീളമേറിയ കാലുകള്‍ ഉള്ളതും ആയ ഇവ നല്ല ഓട്ടക്കാരന്‍ ആണ്.

ഇവയുടെ ആയുസ്സ് ഏകദേശം പത്തു വര്‍ഷം ആണ്,,

22.മഹാരാഷ്ട്രീയന്‍ ഡാങ്കാരീകുത്ത (Maharashtriyan Dhangari Dog)

ആടിനെ മേയ്ക്കാന്‍ ഉപയോഗിച്ചിരുന്ന ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്ത് പ്രത്യേകിച്ച് മഹാരാഷ്ട്രയില്‍ ഉണ്ടായിരുന്ന ഇവ സത്യത്തില്‍ മാസ്റ്റിഫ് ഇനത്തില്‍ പെട്ടവ ആയിരുന്നു..

ഇന്നു ശുദ്ധമായഇനം ഏകദേശം നാമവശേഷം ആയിരിക്കുന്നു..

രക്ഷയ്ക്ക് വേണ്ടി വളര്‍ത്താന്‍ മികച്ച ഇനം..

പത്തു വയസ്സില്‍ താഴെമാത്രമേ ഇവയ്ക്കു ആയുസ്സുള്ളൂ..
ഇരുപത്തിആറ് ഇഞ്ച്‌ ഉയരം വരെ ഇവയ്ക്കുണ്ടാകും.

21.കുമാവൂണ്‍ മാസ്റ്റിഫ്(Kumaon Mastiff)

ഇവ ഇന്നെത്തെ ഉത്തരാഞ്ചലിലെ കുമാവൂണ്‍ വംശജനാണ്..

20.കിന്നോര്‍ ഷീപ്പ്ഡോഗ്(Kinnaur Sheep Dog)

ആപ്സോ ഡോ ക്യി എന്നും ഇവയ്ക്കു പേരുണ്ട്..

മുന്‍കാലുകള്‍ ഇവയുടെ പിന്‍ കാലുകളെ അപേക്ഷിച്ച് നീളമേറിയതാണ്.ചുരുണ്ട വാല് ഉള്ള ഇവയുടെ രോമം ചുരുണ്ടു നീളം ഉള്ളതാണ്..

19.കാശ്മീര്‍ ടെറിയര്‍ (Kaashmir Terrier)

ടെറിയര്‍ ഇനത്തില്‍ പെട്ട മറ്റൊരു ചെറിയ ഇനം..

നീളം കൂടിയ രോമം ഉണ്ടെന്നത് ഒഴിച്ചാല്‍ മറ്റുള്ള ടെറിയര്‍ ഇനങ്ങളുമായി സാധാരണം വ്യത്യാസം ഇല്ല.

ഇവയെ കുറുക്കനെ വേട്ടയാടാന്‍ ഉപയോഗിച്ചിരുന്നു..

പന്ത്രണ്ടു വയസ്സുവരെ ആയുസ്സുള്ളവയാണ് ഇവ..

18.കന്നി(kanni)

പുതിയത് എന്നര്‍ഥം തമിഴില്‍ വരുന്ന ഇവ തമിഴ് നാട്ടുകാരനാണ്.

പൊതുവെ കറുപ്പും വെളുപ്പും നിറത്തോട് കൂടി കാണുന്ന ഇവയെ മറ്റു നിറങ്ങളിലും കാണാറുണ്ട്..

തിരുനെല്‍വേലി,പൊള്ളാച്ചി,കോവില്‍ പട്ടി,കിലെരല്‍,കൊടങ്ങി പട്ടി,ശിവകാശി,മധുരൈ എന്നിവടങ്ങളില്‍ ആണ് ഇവയെ കാണുന്നത്,.

പണ്ടു (ഇപ്പോഴും ചിലയിടത്ത് )വിവാഹത്തിന് സ്ത്രീധനമായി ഇവയെ കൊടുക്കുക പതിവാണ്..

17.കൈകാടി (Kaikadi dog)

ഇതു മഹാരാഷ്ട്രയില്‍ കാണപ്പെടുന്ന ഒരിനം ടെറിയര്‍ നായ ആണ്..

പതിനാറു ഇഞ്ച് വരെ വളരുന്ന പൊതുവെ മുയലിനെയും മറ്റും വേട്ടയാടാന്‍ ഉപയോഗിക്കുന്നവയാണ്.കാവലിനും ഉപയോഗിക്കാം..

16.ജോനാങ്കി (Jonangi)

ഇന്ത്യയുടെ തനതായ ഒരിനം നായയാണിത്..ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളില്‍ ബംഗാള്‍ മുതല്‍ കന്യാകുമാരി വരെ കാണുന്ന ഒരിനം ആണ്..

പൊതുവെ ചെറിയ ഇനം ജീവികളെ വേട്ടയാടാന്‍ വളര്‍ത്തുന്ന ഇവ പരിശീലനം കൊടുത്താല്‍ വീട്ടില്‍ നന്നായി വളര്‍ത്താന്‍ കഴിയും..എന്നാല്‍ ഒരാളെ മാത്രമെ അനുസരിക്കൂ എന്നൊരു പോരായ്മ ഇവക്കുണ്ട്..

പൊതുവെ ആരോഗ്യവാനായ ഇവയ്ക്കു അസുഖങ്ങള്‍ കുറവാണ്.

15.ഇചാധാരി കുത്ത(ichadhari kutta)

ഇതൊരു സാങ്കല്‍പ്പിക ഇനം ആണെന്ന് വിശ്വാസം ഉണ്ട്..

പക്ഷെ ബീഹാറിലും ഉത്തര്‍പ്രദേശിലെ ചില ഭാഗങ്ങളിലും കണ്ടു വരുന്ന ടെറിയര്‍ ഇനത്തിലെ ചെറിയ ഇനം നായയാണ്‌ ഇതു..

പതിനാലു വയസ്സ് വരെ ആയുസ്സുള്ളവ ആണിവ..പൊതുവെ അനുസരണ കുറഞ്ഞ ഇനം ആണിവ..

നീളം കുറഞ്ഞ രോമങ്ങള്‍ ആണ് ഇവയുടെ..

14.ഇന്ത്യന്‍ സ്പിറ്റ്സ് (indian spitz)

ഇവ കണ്ടാല്‍ പോമെറിനിയന്‍ പോലെ ഇരിക്കും.
എന്നാല്‍ അവയുടെ അത്ര രോമം ഉണ്ടാവില്ല..സ്മോളര്‍ സ്പിറ്റ്സ് എന്നും ഗ്രേറ്റര്‍ സ്പിറ്റ്സ് എന്നും രണ്ടു വിഭാഗം ഉണ്ട്..

പൊതുവെ വെള്ളനിറം ആണ് കാണുന്നതെങ്കിലും കറുത്തതും ബ്രൌണ്‍ നിറം ഉള്ളതും കാണപ്പെടുന്നുണ്ട്..

സ്വന്തം വാല്‍കടിച്ചുകൊണ്ടു വട്ടംകറങ്ങുന്നത് ഇവയുടെ വിനോദം ആണ്.. ഏത് വിദ്യയും വളരെപ്പെട്ടെന്നു പഠിക്കുന്ന ഇവ പക്ഷെ നല്ലപോലെ വളര്‍ത്തിയില്ലെങ്കില്‍ അപകടകാരിയായി വളരാന്‍ സാധ്യതയുണ്ട്.

13.ഇന്ത്യന്‍ ബഞ്ചാര മാസ്റ്റിഫ്(indian banjara mastiff)

മാസ്റ്റിഫ് ജനുസ്സില്‍ പെട്ട ഇവയുടെ ഫോട്ടോകള്‍ ലഭ്യമല്ല..രക്ഷയ്ക്കായി ഉപയോഗിക്കാം.വലിയ ഇനം ആയ ഇതിന് താരതമ്യേനെ ആയുസ്സ് കുറവാണ്

12.ഇന്ത്യന്‍ ബുള്‍ടെറിയര്‍(indian Bull Terrier)

പഞ്ചാബിലും ഡല്‍ഹിയിലും മാത്രമെ ഇന്നു ഇത്തരം നായകളെ കാണാനുള്ളൂ. ഈ ചെറിയ ഇനം ടെറിയര്‍ കാവലിനും രക്ഷയ്ക്കും മിടുക്കനാണ്..ഐറിഷ് ടെറിയറെക്കാള്‍ വലിപ്പം ഉണ്ട്..

അപൂര്‍വമായ ഈ ടെറിയര്‍ ഇനത്തില്‍ പെട്ട നായയുടെ ചിത്രങ്ങളോ മറ്റു വിവരങ്ങളോ ലഭ്യമല്ല..

11.ഹിമാലയന്‍ ഷീപ്പ്ഡോഗ്(Himalayan Sheep Dog)

സത്യത്തില്‍ ഇതൊരു നേപ്പാളി ഇനം ആണ്.വളരെ അപൂര്‍വ്വം ആയ ഇവയെ നേപ്പാളില്‍ ഭോടെ കുക്കുര്‍ എന്നാണ് വിളിക്കുന്നത്..

വളരെ ശക്തിയേറിയ കുര വളരെയധികം ശ്രദ്ധാകേന്ദ്രമാകും..

10.ഹിമാലയന്‍ മാസ്റ്റിഫ് (Himalayan Mastiff)

മാസ്റ്റിഫ് ഫാമിലിയില്‍ പെട്ട ഇവ മറ്റു മാസ്റ്റിഫുകളെ അപേക്ഷിച്ച് നീളമേറിയ രോമം ഉള്ളവ ആയിരിക്കും.

ഇവയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല..

9.ഗഢികുത്ത (Gaddi Kutta)

ഇന്ത്യന്‍ ഗഢി,ഗഢി വാച്ച് ഡോഗ്,ഗഢി മാസ്റ്റിഫ്,ഗഢി ഡോഗ്,ഗഢി,ഇന്ത്യന്‍ പാന്തര്‍ ഹൗണ്ട്,മഹീടണ്ട് മാസ്റ്റിഫ് എന്നും പേരുണ്ട്.

പഞ്ചാബില്‍ നിന്നുള്ള ഈ സുന്ദരന്‍ ഇനം പൊതുവെ വേട്ടക്കാരും ആട്ടിടയരും വളര്‍ത്തുന്ന ഇനം ആണ്..ഒരിനം ചെറിയ മഞ്ഞുപുലിയെ വേട്ടയാടാനും അവയുടെ ആക്രമണത്തില്‍ നിന്നു ആടുകളെ രക്ഷിക്കാനും ഇവ സമര്‍ത്ഥന്‍ ആണ്.

സാധാരണ മാസ്റ്റിഫിനെക്കാള്‍ വണ്ണം കുറഞ്ഞ ഇവയെ നന്നായി വളര്‍ത്തിയാല്‍ വീട്ടില്‍ വളര്‍ത്താന്‍ പറ്റുന്ന ഇനം ആക്കാം.എന്നാല്‍ ഇവ തന്‍റെ യജമാനനേം ചുറ്റുപാടിനേം രക്ഷിക്കാന്‍ എപ്പോഴും താത്പര്യം കാട്ടുന്നവ ആയിരിക്കും..

മുപ്പത്തൊന്നു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവ നാല്പത്തിഅഞ്ചു കിലോവരെ ഭാരംവയ്ക്കുന്നതുമാണ് ഈ ഇനം..

8.കൊമ്പൈ (Combai)

തമിഴ്‌നാട്ടില്‍ മധുരയില്‍ നിന്നുള്ള ഇനം ആണിത്..

ഇന്ത്യന്‍ ബീയെര്‍ഹൗണ്ട് എന്നും ഇന്ത്യന്‍ ബീയെര്‍ ഡോഗ് എന്നും ഇവയ്ക്കു പേരുണ്ട്..

കണ്ടാല്‍ രാജപാളയം നായയോട് സാമ്യമുണ്ടെങ്കിലും അതിലും അല്പം ഉയരക്കുറവുള്ള ഇനമാണിത്..എങ്കിലും രാജപാളയം ഇനത്തെ അപേക്ഷിച്ച് വലിപ്പകൂടുതല്‍ തോന്നുന്ന ഇനം ആണിത്..

പൊതുവെ അല്പം കറുത്ത മുഖവും മടങ്ങിയ ചെവിയും ഉള്ള ഇവ കാവലിനു പറ്റിയ ഇനം ആണ്..പണ്ട് കാലത്തു വേട്ടയ്ക്ക് (പ്രത്യേകിച്ച്‌ കാട്ടുപന്നിയേം മാനിനേം) ഉപയോഗിച്ചിരുന്ന ഇവ ഇന്നു നന്നായി വീടുനോക്കുന്ന ഇനം ആണ്..

വളരെ ദേഷ്യക്കാരനായ ഇവ ഒരു പക്ഷെ ശത്രുവിനെ കൊന്നെന്നും വരും..

7.ചിപ്പിപാറെയ് (Chippiparai)

ഇതു കേരളത്തിലെ പെരിയാറിനടുത്തുള്ളവ ആണെന്നും അതല്ല തമിഴ്‌നാട്ടിലെ രാജപാളയതിനടുത്തുള്ള ഒരിനം ആണെന്നും വാദമുണ്ട്..

എന്തായാലും മിടുക്കനായ ഈ വേട്ടപ്പട്ടി കാട്ടുപന്നികളെയും,മാനിനേയും വേട്ടയാടാന്‍ സമര്‍ത്ഥനാണ്..

മുപ്പത്തിരണ്ടു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവ പൊതുവെ അസുഖങ്ങള്‍ ഒന്നുംതന്നെ വരാത്തതും പ്രത്യേകപരിചരണം ആവശ്യമില്ലാത്തതും ആയ ഒരിനം ആണ്..

ഒരാളോട് മാത്രം കൂറുകാട്ടുന്ന ഒരിനം കൂടിയാണ് ഇവ

6.കാരവാന്‍ ഹൗണ്ട്.(Caravan Hound)

പൊതുവെ വേട്ടയ്ക്കും രക്ഷയ്ക്കും ആയി വളര്‍ത്തുന്ന ഒരിനം ആണ് ഇതു.തീരെ മെലിഞ്ഞ ഇവ നല്ലവേഗത്തില്‍ ഓടാന്‍ മിടുക്കനാണ്..

മഹാരാഷ്ട്രയിലെയും,കര്‍ണ്ണാടകയിലെയും,ആന്ധ്രപ്രദേശിലെയും ഗ്രാമങ്ങളില്‍ വളരുന്ന ഇനമാണിത്..

മുധോള്‍ ഹൗണ്ട്,മുധോള്‍ ഡോഗ്,പശ്ചിമി,കര്‍വാണി,ലഹോറിപശ്ചിമി,പിസൂരി ഹൗണ്ട് എന്നും ഇവയ്ക്കു പേരുണ്ട്.

തീരെ മെലിഞ്ഞ ഇവയുടെ തല വളരെ വണ്ണം കുറഞ്ഞതും കൂര്‍ത്തതും ആണ്.ചെവി മടങ്ങി താഴേക്ക് തൂങ്ങി കിടക്കും.വാല്‍ അധികം നീണ്ടതോ രോമം ഉള്ളതോ ആവില്ല..അധികം ആരോടും അടുത്ത് പെരുമാറുന്ന ഇനം അല്ല..വേട്ടയ്ക്ക് നന്നായി ഉപയോഗിക്കാമെങ്കിലും വളരെ നല്ല പരിശീലനം കൊടുത്താല്‍ മാത്രമെ വീട്ടില്‍ വളര്‍ത്തുവാന്‍ കൊള്ളാവുന്ന ഇനമാക്കി എടുക്കാന്‍ കഴിയൂ.

ഇരുപത്തിഒന്‍പതു ഇഞ്ച് വരെ ഇവയ്ക്കു ഉയരം വയ്ക്കാം.

5.ബോര്‍ടല്‍ (Bordel)

ഇന്ത്യയുടെ പല ഭാഗങ്ങളിലും കണ്ടിരുന്ന ഒരു ചെറിയ ഇനം നായ ആണിവ..

ഏതാണ്ട് പതിന്നാലു വയസ്സ് വരെ ആയുസ്സുള്ളവയാണ് ഇവ..

വേട്ടയ്ക്ക് ഉപയോഗിക്കാവുന്ന ഇതിനെ ചെറിയ ഇനം മൃഗങ്ങളെ കണ്ടെത്താനോ വേട്ടയാടാനോ ഉപയോഗിക്കാം,..

ടെറിയര്‍ ഇനത്തില്‍പെട്ടവ ആയിരുന്നു ഈയിനം..

Monday, November 24, 2008

4.ബിസ്ബെന്‍ (Bisben)

ഇതൊരു ഹിമാലയന്‍ ജനുസ്സില്‍ പെട്ട ഇനം ആണ്..

പൊതുവെ കറുത്ത കട്ടിയുള്ള രോമങ്ങളോട് കൂടിയ ശക്തിമാനായ ഇനം ആണിത്.

ബിസ്ബെന്‍ ഷെപ്പെട്,ഹിമാലയന്‍ ബിസ്ബെന്‍ ഷീപ്പ്ഡോഗ്,ബിസ്ബെന്‍ ഓഫ് ഹിമാലയ,എന്നും ഇവയ്ക്കു പേരുണ്ട്.

അപരിചിതരോട് മോശമായി പെരുമാറുന്ന ഇവയെ വേട്ടയ്ക്കും,കാവലിനും,ആട്ടിന്‍ കൂട്ടങ്ങളെ നോക്കാനും ഉപയോഗിക്കുന്നു,

ശരാശരി ഉയരം ഇരുപത്തിആറ് ഇഞ്ച്..

3.ബഖര്‍വല്‍ ഡോഗ്(Bakharwal Dog)

കാശ്മീര്‍ ഷീപ്പ് ഡോഗ്,ബഖര്‍വല്‍ മാസ്റ്റിഫ്,കാശ്മീര്‍ ബഖര്‍വല്‍ ഡോഗ്,ഗുജ്ജര്‍ വാച്ച് ഡോഗ്,കാശ്മീര്‍ മാസ്റ്റിഫ്, ബഖര്‍വല്‍,ഗുജ്ജര്‍ ഡോഗ് എന്നും ഇവയ്ക്കു പേരുണ്ട്.

വളരെ ആരോഗ്യം ഉള്ള ഇനം ആണിത്.. ഏത് തണുപ്പിനെയും ചെറുക്കാന്‍ കഴിയുന്ന ഇവയുടെ രോമം വളരെ കട്ടിയുള്ളതും നീളമുള്ളതും ആണ്..

ഇരുപത്തിനാല് മുതല്‍ മുപ്പതു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇനം ആണ്.

കാവലിനും രക്ഷയ്ക്കും മികച്ച ഇനമാണ്.

2.അലൌണ്ട്(Alaunt)

ഇവ താരതമ്യേന നാമവശേഷം ആയ ഇനം ആണ്..വലിയ ഇനം നായ ആയ ഇവയുടെ രോമം വളരെ ചെറുതാണ്.

മാസ്റ്റിഫ് ഇനത്തില്‍ പെട്ടതാണ് ഇവയും..ഇവയെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല ..

1.അലങ്കു മാസ്റ്റിഫ് (Alangu Mastiff)

തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍,ട്രിച്ചി എന്നിവിടം ആണ് ഇവയുടെ സ്വദേശം.ഇവയെ പാകിസ്ഥാനില്‍ ഡോഗ്ഫൈറ്റിനു ഉപയോഗിക്കുന്നു..

അലങ്ക്,ഇന്ത്യന്‍ മാസ്റ്റിഫ്,ബുള്ളി കുത്ത എന്നും ഇവയ്ക്കു പേരുണ്ട്..

വളരെ ശൌര്യം കാട്ടുന്ന ഇവ താരതമ്യേനെ അപകടകാരിയായ ഇന്ത്യന്‍ നായയാണ്‌..

മുപ്പതു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇനമാണ്.എഴുപത്തിഎട്ടു കിലോവരെ ഭാരവും ഇവക്കു വയ്ക്കും.എന്നാല്‍ പാകിസ്ഥാനില്‍ വളരുന്നവ മുപതിനാല്ഇഞ്ച് വരെയോ ചിലപ്പോള്‍ അതിന് മുകളിലോ ഉയരം വന്നേക്കാം.തൂക്കവും തൊണ്ണൂറുകിലോ വരെ വയ്ക്കാം.

കാവലിനും രക്ഷയ്ക്കും ഏറ്റവും മികച്ച ഇനമാണ്..

ശാരാശരി ബുദ്ധി മാത്രം ഉള്ള ഇവയെ കാര്യങ്ങള്‍ പഠിപ്പിക്കാന്‍ അല്പം പ്രയാസം ആണ്.

എട്ടു മുതല്‍ പത്തു വയസ്സ് വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ പത്തു കുട്ടികള്‍ വരെ ഉണ്ടാവുറുണ്ട്.

ആമുഖം

പട്ടികള്‍ എന്ന എന്‍റെ ബ്ലോഗില്‍ ഒരു സുഹൃത്ത് കൊടുത്തിരുന്ന ഒരു പ്രതികരണം ആണ് ഈ ബ്ലോഗിന്‍റെ തുടക്കകാരണം.പൊതുവെ വിദേശനായകളുടെ കടന്നുകയറ്റത്തില്‍ നമ്മുടെ നായകളെ ആളുകള്‍ മറന്നോ എന്ന് സംശയം ഉണ്ട്..മറ്റേതു വിദേശ ജനുസ്സില്‍പെട്ട നായകളെയുംകാള്‍ സൌന്ദര്യവും കഴിവും ശൗര്യവും ഉള്ള നാടന്‍ ഇനങ്ങള്‍ നമുക്കുണ്ട്.

അവയെ വെറും പട്ടികള്‍ എന്ന ഒറ്റവാക്കില്‍ ഒതുക്കാതെ പരിചയപ്പെടുത്താന്‍ ശ്രമിക്കുകയാണ് ഇതില്‍..ഏതെങ്കിലും ഇനത്തെ വിട്ടുപോയിട്ടുണ്ടെങ്കില്‍ അറിയിക്കുക..അതോടൊപ്പം തന്നെ തെറ്റുകളും കുറവുകളും ചൂണ്ടിക്കാണിക്കാന്‍ മറക്കല്ലേ..